ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ കൃഷ്ണഭക്ത എന്ന നിലയിൽ വൈറലായ ജസ്ന സലീമിനെതിരെ കേസെടുത്ത് ഗുരുവായൂർ ടെമ്പിൾ പോലീസ്. ഗുരുവായൂർ പടിഞ്ഞാറേ നട മല്ലിശ്ശേരി പറമ്പ് സ്വദേശിനി രാധിക നൽകിയ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ – ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. മാർച്ച് 10നും 19 നും ഇടയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് ടെമ്പിൾ പോലീസ് ജസ്നക്കെതിരെ കേസെടുത്തത്
മാസങ്ങൾക്ക് മുമ്പ് ജസ്ന സലീം ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽവെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. പിന്നാലെയാണ് ജസ്ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത്.
കഴിഞ്ഞവർഷം ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ജസ്ന സലീം വെണ്ണക്കണ്ണന്റെ ചിത്രം സമ്മാനിച്ച് ശ്രദ്ധ നേടിയിരുന്നു.