ഗുരുവായൂർ : ഗുരുവായൂരപ്പന് നിത്യവും രാവിലെ ഏഴിന് നടക്കുന്ന ശീവേലി മുക്കാൽ മണിക്കൂർ നേരത്തെയാക്കും. ഉഷഃപൂജ കഴിഞ്ഞ് നടതുറന്നാൽ ആറേകാലിന് ശീവേലി തുടങ്ങും. ആറേ മുക്കാലിന് അവസാനിപ്പിക്കും. ഈ സമയക്രമമനുസരിച്ചുള്ള ശീവേലി വെള്ളിയാഴ്ച രാവിലെ പരീക്ഷണാടിസ്ഥാനത്തിൽ നടന്നു. ഗുരുവായൂർ ക്ഷേത്രംതന്ത്രി, ഊരാളൻ എന്നിവരുമായി കൂടിയാലോചിച്ചശേഷം കഴിഞ്ഞ ദിവസം ദേവസ്വം ഭരണസമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.
ഉഷഃപൂജയ്ക്കും ശീവേലിക്കുമിടയിൽ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശന നിയന്ത്രണമുണ്ടാകാറുണ്ട്. എന്നാൽ ഉഷഃപൂജ കഴിഞ്ഞയുടൻ തന്നെ ശീവേലിയും പൂർത്തിയാക്കിയാൽ പിന്നീട് ഇടതടവില്ലാതെ ദർശനം നടത്താനാകുമെന്നാണ് ഈ മാറ്റം കൊണ്ടുദ്ദേശിക്കുന്നത്. ഇത് ഭക്തർക്ക് ദർശനത്തിന് ഏറെ സൗകര്യമായിരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ പറഞ്ഞു. രാവിലെ ശീവേലി നേരത്തെയാക്കുമ്പോൾ പിന്നീടുള്ള ഓരോ പൂജാക്രമങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്തി ദേവസ്വം സർക്കുലർ പുറപ്പെടുവിച്ചു. ഉച്ചപ്പൂജ 11.30-ന് തുടങ്ങി 12.15-ന് തീർക്കണം. നിലവിൽ 11.30-ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്രനടയടച്ചാൽ 12.30 നാണ് തുറക്കാറ്. അത്താഴപ്പൂജയ്ക്കും അത്താഴ ശീവേലിക്കുമൊക്കെ ചെറിയ സമയവ്യത്യാസങ്ങളുണ്ടാകും.