ചാവക്കാട്: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ശുചിത്വസാഗരം സുന്ദരതീരം’ ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തൻകടപ്പുറം, ചെങ്കോട്ട ബീച്ച് എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു ഹരിത കർമസേനക്ക് കൈമാറി.
ബ്ലാങ്ങാട് ബീച്ചിൽ നടന്ന പരിപാടി എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ പി.കെ കബീർ, ഗിരിജ പ്രസാദ്, ഫിഷറീസ് ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ് പ്രതിനിധി, മൽസ്യ തൊഴിലാളികൾ, ബ്ലാങ്ങാട് ബീച്ച് ലൗവേഴ്സ് ക്ലബ് വോളന്റിയർമാർ, ഹരിത കർമസേന അംഗങ്ങൾ ചാവക്കാട് കരാട്ടെ സ്കൂൾ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബീച്ചിൽ ഒരു ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പ്ലാസ്റ്റിക്, ചെരിപ്പ്, തെർമോകോൾ എന്നിവയടക്കം ചാവക്കാട് ബീച്ചിൽ നിന്നും 500 കിലോഗ്രമോളം മാലിന്യം നീക്കം ചെയ്തു.
പുത്തൻ കടപ്പുറം ബീച്ചിൽ സംഘടിപ്പിച്ച പരിപാടി ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് ഉത്ഘാടനം ചെയ്തു. ഫിഷറീസ് ഉദ്യോഗസ്ഥനായ മനു വിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ, കോസ്റ്റൽ പോലീസ് പ്രതിനിധി, പുത്തൻകടപ്പുറം സൂര്യ, ലാസിയോ, യുവധാര ക്ലബ് വോളന്റിയർമാർ, ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്ലാസ്റ്റിക്, ചെരിപ്പ്, തെർമോകോൾ എന്നിവയടക്കം പുത്തൻ കടപ്പുറം ബീച്ചിൽ നിന്നും 350 കിലോഗ്രമോളം മാലിന്യം നീക്കം ചെയ്തു.
ചെങ്കോട്ട മുതൽ അഫയൻസ് ബീച്ച് വരെ നടന്ന പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ഉത്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായ മനീഷ് മോഹന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്, കുടുംബശ്രീ അംഗങ്ങൾ, കോസ്റ്റൽ പോലീസ് പ്രതിനിധി ,യുവധാര, ക്രസൻറ്, ആർമി, ഷാർപ്പ് ലൈൻ, ബ്ലാക്ക് കോപ്പ്സ് തുടങ്ങി വിവിധ ക്ലബ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ വളണ്ടിയർമാരായി പങ്കെടുക്കുകയും പങ്കെടുത്തു. ഏകദേശം 500 കിലോയോളം മാലിന്യങ്ങൾ നീക്കം ചെയ്തു.