കുന്നംകുളം: ചൂണ്ടൽ പഞ്ചായത്തിൽ കർഷകർക്കും നാട്ടുകാർക്കും ഭീഷണിയുയർത്തിയ 16 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. രണ്ടാംതവണയാണ് പഞ്ചായത്തിൽ പന്നികളെ കൊന്നൊടുക്കിയത്. ആദ്യം 11 പന്നികളെ വെടി വെച്ചിട്ടിരുന്നു. എറണാകുളം സ്വദേശി സംഗീതിന്റെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട. വെടിവെച്ച പന്നികളെ ഡീസൽ ഒഴിച്ച് മറവ് ചെയ്തു. ഏഴും എട്ടും കൂട്ടമായി എത്തുന്ന പന്നികളിൽ ഒന്നിനെ മാത്രമാണ് വെടിവയ്ക്കാൻ കഴിയുന്നത്. അതിനാൽ നിലവിൽ പഞ്ചായത്തിൽ ഇപ്പോഴും നൂറിലധികം കാട്ടുപന്നികൾ ഉണ്ടെന്നാണ് കരുതുന്നത്. ചിറപ്പറമ്പ്,തായങ്കാവ്, പയ്യൂർ,മഴുവഞ്ചേരി,ചോട്ടിലാപ്പാറ എന്നി ഭാഗങ്ങളിൽ കാർഷിക വിളകൾ നശിപ്പിയ്ക്കുന്ന കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്.