ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ തുടർച്ചയായി ഭണ്ഡാരം കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വം സ്ഥിതി ഗതികൾ കൂടുതൽ വഷളാവുന്ന അവസ്ഥയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ആരോപിച്ചു. ഒരു മാസത്തോളമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മോഷണങ്ങൾ പതിവായി കൊണ്ടിരിക്കുകയാണ്. വട്ടേക്കാട് ജാറത്തിലെ ഭണ്ഡാരവും ആശുപത്രി പടിയിലെ പള്ളി ഭണ്ഡാരവും ഉൾപ്പെടെ നിരവധി മോഷണങ്ങളാണ് ഈയിടെയായി നടന്നത്. സി.സി ടി.വി ദൃശ്യങ്ങൾ ഉണ്ടായിട്ട്പോലും വേണ്ട രീതിയിൽ അന്വേഷണം നടത്തുന്നതിനോ പ്രതിയെ പിടിക്കുന്നതിനോ പോലീസിന് കഴിയാതെ പോവുകയാണ്. കടപ്പുറം അലി അഹ്മദ് ഉപ്പാപ്പ പള്ളിയുടെ ഓഫീസ് കുത്തിത്തുറന്നു മോഷണം നടത്തുന്ന സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങൾ എത്തിയത് ഇതുമൂലമാണെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കയും ഭീതിയും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.