ചേറ്റുവ: ചേറ്റുവ ചന്ദനക്കുടം നേർച്ച ഇന്ന് സമാപിക്കും. നേർച്ചയിലെ പ്രധാന കാഴ്ചയായ കുടിയേറ്റ കാഴ്ച രാവിലെ 8.30 ന് തെരുവത്ത് വീട്ടിൽ ഷംനാസിന്റെ വസതിയിൽ നിന്ന് ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് ജാറം അങ്കണത്തിലെത്തും. തുടർന്ന് കൊടിയേറ്റം നടക്കും. ശേഷം ജാറത്തിന് സമീപം സൗജന്യ ചക്കരകഞ്ഞി വിതരണവും ഉണ്ടാകും. വൈകീട്ട് 5 മണിക്ക് ചന്ദനക്കുടം നേർച്ചാഘോഷത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഗജവീരൻമാരും വാദ്യമേളങ്ങളും ചേറ്റുവ ജി.എം.യു.പി സ്കൂൾ പരിസരത്ത് അണിനിരക്കും. ചേറ്റുവയിലെ പ്രമുഖ ക്ലബ്ബുകളുടെ ഘോഷയാത്രയും ഉണ്ടാകും. വൈകീട്ട് 7.30 ന് മഹാത്മ ബ്രദേഴ്സ് സ്നേഹ വിരുന്ന് ചേറ്റുവ കടവ്, എഫ്.എ.സി ചെത്ത് കാഴ്ച, മേമൻസ് ഫെസ്റ്റ്, ചലഞ്ചേഴ്സ് ഫെസ്റ്റ്, യുണൈറ്റഡ് ഫെസ്റ്റ് എന്നീ കാഴ്ചകൾ ഉണ്ടാകും. ദഫ്മുട്ട്, ഒപ്പന, ഡി.ജെ, പാണ്ടിമേളം, തമ്പോലം, ബാന്റ് വാദ്യം, ചെണ്ട, ശിങ്കാരിമേളം തുടങ്ങിയവ കാഴ്ചകൾക്ക് പൊലിമയേകും. കാഴ്ചകൾ തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് ജാറം പരിസരത്ത് സമാപിക്കും.