Saturday, April 5, 2025

മാധ്യമപ്രവർത്തകർ ‘കടക്ക് പുറത്ത്’; എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് മാധ്യമങ്ങളോട് പുറത്തുപോകാന്‍ നിര്‍ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് മാധ്യമങ്ങളോട് പുറത്തുപോകാന്‍ നിര്‍ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങള്‍ ഗസ്റ്റ് ഹൗസില്‍ തുടരുന്നതില്‍ കേന്ദ്രമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ അറിയിച്ചു. സുരേഷ് ഗോപിയുടെ ഗണ്‍മാനാണ് ഗസ്റ്റ്ഗൗസ് ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്.
രാവിലെ 10 മണിയോടുകൂടിയാണ് സുരേഷ് ഗോപി ഗസ്റ്റ് ഹൗസിലെത്തുന്നത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ജബല്‍പുര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെയുണ്ടായ പ്രതികരണങ്ങളും തുടര്‍സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി അകത്തേക്ക് കയറിപ്പോകുകയായിരുന്നു.
ചില മാധ്യമപ്രവര്‍ത്തകര്‍ തിരികെപ്പോകുകയും ചിലര്‍ സ്ഥലത്ത് തുടരുകയും ചെയ്തു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ സ്ഥലത്ത് തുടരുന്നതില്‍ കേന്ദ്രമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പുറത്തുപോകണമെന്നുമാണ് ജീവനക്കാര്‍ അറിയിച്ചത്. സുരേഷ് ഗോപിയുടെ ഗണ്‍മാനാണ് ഇക്കാര്യം ഗസ്റ്റ്ഗൗസ് ജീവനക്കാരോട് പറഞ്ഞത്. ഗസ്റ്റ്ഹൗസിലെ റിസപ്ഷന്‍ ഏരിയയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ മാറ്റിയത്.
ജബൽപൂരിൽ വൈദികർ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചപ്പോൾ സുരേഷ് ​​ഗോപി ക്ഷുഭിതനായാണ് സംസാരിച്ചത്. ‘നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ? ഇവിടത്തെ ജനങ്ങളാണ് വലുതെന്ന് ‘ സുരേഷ് ഗോപി പറഞ്ഞു. ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ സൗകര്യമില്ല പറയാനെന്നും ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു. ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ​ഗോപി പ്രകോപിതനായി.’അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാ മതി’ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ‘അതിന് വേറൊരു അക്ഷരം മാറ്റണം അതിനകത്ത്’, എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments