ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. കൃഷ്ണനാട്ടം കളിയോഗത്തിലെ നീണ്ട 47 വർഷത്തെ സേവനം പൂർത്തീകരിച്ച് ചുട്ടി ആശാൻ തസ്തികയിൽ നിന്നും വിരമിക്കുന്ന ഇ രാജു, പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും 24 വർഷത്തെ സേവനം പൂർത്തീകരിച്ച് ഫീൽഡ് വർക്കർ തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ടി ശിവരാമൻ, 28 വർഷത്തെ സേവനം പൂർത്തീകരിച്ച് ദേവസ്വം ആശുപത്രിയിലെ മാനേജർ തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ടി ഹരിദാസ്, ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 21 വർഷത്തെ സേവനം പൂർത്തീകരിച്ച് പി.ജി.ടി സംസ്കൃതം തസ്തികയിൽ നിന്നും വിരമിക്കുന്ന പി.എ ശോഭന, 31 വർഷത്തെ സേവനം പൂർത്തീകരിച്ച് പി.ആർ.ടി -എസ് യു.പി.ഡബ്ലിയു തസ്തികയിൽ നിന്നും വിരമിക്കുന്ന ആർ ലക്ഷ്മിദേവി, 29 വർഷത്തെ സേവനം പൂർത്തീകരിച്ച് പി.ഇ.ടി തസ്തികയിൽ നിന്നും വിരമിക്കുന്ന എം ജയന്തൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. രോഹിണി കല്ല്യാണ മണ്ഡപത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം തൃശ്ശൂർ ജില്ല കമ്മറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ചേർത്ത ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും സി സുമേഷിന് കൈമാറി. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ടി രേഖ, യു.ഡി.സി സി രാജൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി ഇ.കെ നാരായണൻ ഉണ്ണി സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് ഏലംകുളം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.