ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിലും നികുതി പിരിവിലും ചാവക്കാട് നഗരസഭക്ക് ഒന്നാം സ്ഥാനം. ജനകീയാസൂത്രണ പദ്ധതിയിൽ സംസ്ഥാനതലത്തിൽ ആദ്യ പത്തിൽ ഇടം നേടാനും നഗരസഭയ്ക്ക് കഴിഞ്ഞു. ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി നിരവധി വികസന പദ്ധതികളാണ് ചാവക്കാട് നഗരസഭയിൽ നടപ്പാക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം, കാർഷിക മേഖലയിലെ പുരോഗതി, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നഗരസഭ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.
നികുതി പിരിവിലെ കാര്യക്ഷമതയും നഗരസഭയുടെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. കൃത്യമായ നികുതി പിരിവിലൂടെ തനത് വരുമാനം വർധിപ്പിക്കാനും അതുവഴി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനും നഗരസഭയ്ക്ക് സാധിച്ചു. വാർഡ് 9,12,26,27 എന്നീ വാർഡുകൾ നികുതി പിരിവിൽ 100% നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച എല്ലാ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നന്ദി അറിയിച്ചു