ചാവക്കാട്: മാരകായുധങ്ങളുമായി വീടിനകത്ത് കയറി വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശികളായ തെറ്റയിൽ വീട്ടിൽ ധനേഷ് (32), പൊന്നറമ്പിൽ ഷിബിൻ (32) എന്നിവരെയാണ് ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് പുലർച്ചെ ഒരു മണിക്ക് വെങ്കിടങ്ങ് തൊയക്കാവ് ചക്കാണ്ടൻ സന്തോഷിന്റെ വീട്ടിൽ കയറിയാണ് ഇരുവരും വധഭീഷണി മുഴക്കിയത്. തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പാവറട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആൻ്റണി ജോസഫ് നെറ്റോ, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, ജയകൃഷ്ണൻ, വിനീത്, വിവേക് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.