വാടാനപ്പള്ളി: യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. മതിലകം തപ്പിള്ളി വീട്ടിൽ നസ്മലിനെ(23)യാണ് തൃപ്രയാറിൽനിന്ന് വാടാനപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 18-ന് വൈകീട്ട് 5.30-ന് ഗണേശമംഗലത്ത് വെച്ചായിരുന്നു ആക്രമണം. ഗണേശമംഗലം തിരുവണ്ണാൻപറമ്പിൽ അജീഷിനെ (29) യാണ് ഇയാൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് കൊണ്ടുപോയത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് അജീഷിനെ തടഞ്ഞുനിർത്തി ചുറ്റികകൊണ്ട് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നസ്മലിനെ റിമാൻഡ് ചെയ്തു. വാടാനപ്പള്ളി എസ്ഐ ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.