കുന്നംകുളം: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94 കാരന് ആറു വർഷം വെറും തടവും 25,000 രൂപ പിഴയും ശിക്ഷ. പുന്നയൂർക്കുളം പനന്തറ അവണോട്ടുങ്ങൽ കുട്ടനെ(94) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിത സൈക്കിളിന്മേൽ ഷാംപൂ വാങ്ങിച്ചു മടങ്ങി വരുന്നതിനിടയിൽ അതിജീവിതയെ മുല്ലപ്പൂ തരാം എന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി പ്രതി വിവസ്ത്രയാക്കാൻ ശ്രമിച്ചു. കുട്ടി വിസമ്മതിച്ചപ്പോൾ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തി മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്. വടക്കേക്കാട് പോലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. വടക്കേക്കാട് എസ്.ഐ ആയിരുന്ന പി ശിവശങ്കരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ് ഹാജറായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് അസിസ്റ്റൻ്റ് എസ് ഐ എം ഗീത പ്രവർത്തിച്ചു.