ചാവക്കാട്: അയൽവാസിയായ സ്ത്രീയെ കൈക്കോട്ട് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം നല്ല നടപ്പ് ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് കണ്ണംകുളങ്ങര മദർ കോളനിയിൽ താമസിക്കുന്ന പൊറ്റവളപ്പിൽ വീട്ടിൽ ഹസനെ(60)യാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ രണ്ടുവർഷം നല്ല നടപ്പിനെ ശിക്ഷിച്ചത്. വെങ്കിടങ്ങ് കണ്ണൻ കുളങ്ങര സ്വദേശിനിയായ സുലേഖയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി കൈകോട്ടുകൊണ്ട് അടിച്ചു പരിക്കേല്പിച്ച കേസിലാണ് ശിക്ഷ. പ്രതി ഇനിയുള്ള രണ്ടു വർഷക്കാലം, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, ലഹരി വസ്‌തുക്കൾ ഉപയോഗിക്കുകയോ മറ്റും ചെയ്‌താൽ കൂടുതൽ ശിക്ഷ നടപടികൾ ഉണ്ടാകുമെന്നും വിധി ന്യായത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. 2020 ജൂൺ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ വിരോധം വെച്ച് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ചീത്ത വിളിച്ചാണ് പ്രതി സുലേഖയെ കൈക്കോട്ടുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. തടയാൻ ചെന്നപ്പോൾ സുലേഖയുടെ ഭർത്താവിനെ ഉപദ്രവിക്കുകയും ചെയ്‌തു. തുടർന്ന് പരിക്കേറ്റ സുലേഖയെ ചികിത്സയ്ക്കായി ആദ്യം മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് തൊണ്ടിമുതലുകളും ഹാജരാക്കുകയും 14 നിന്നും 10 രേഖകളും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എൻ.ബി സുനിൽകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.കെ സുരേഷ് കുമാർ. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ രജിത് കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്‌ടർ പി.ജെ സാജനും പ്രോസിക്യൂഷനെ സഹായിച്ചു.