ചാവക്കാട് : മണത്തല പളളിക്ക് സമീപം സ്കൂൾ ബസ് ടോറസിലിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര ആലുങ്ങൽ വീട്ടിൽ അലി കൂരാട്ടിൽ (46)നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി വിമൽ അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങൾ തമ്മിലുളള സുരക്ഷിതമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന കണ്ടത്തലിനെ തുടർന്നാണ് അറസ്റ്റ്. ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുട്ടികളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 19 വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റിരുന്നു. അപകടസ്ഥലത്തെത്തിയ നാട്ടുകാരും ലാസിയോ, ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും ചാവക്കാട് പോലീസും ഗുരുവായൂർ മോട്ടോർ വെഹിക്കിൾ അധികൃതരും ഒത്തൊരുമിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ചാവക്കാട് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിനു കാരണക്കാരനായ വാഹനമോടിച്ച പ്രതിയുടെ ലൈസൻസ് റദ്ധാക്കുന്നതിനുളള നടപടികളുൾപടെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.