ഗുരുവായൂർ: ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് (ജി.എസ്.എൽ ) ഫുട്ബോൾ ലീഗിൻ്റെ താരലേലം പൂർത്തിയായി. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകളിലേയും ആറു പഞ്ചായത്തുകളിലേയും രജിസ്ട്രർ ചെയ്ത180 ഓളം വരുന്ന താരങ്ങളെയാണ് 10 ഫ്രാഞ്ചൈസികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫുട്ബോൾ ക്ലബ്ബുകൾ ലേലം ചെയ്തത്. 10 ടീമുകളിലേക്ക് 12 പ്രാദേശിക കളിക്കാരെ വെച്ച് ലേലം ചെയ്തെടുത്തു. ലേലത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിനും 100 പോയിൻറ് വീതം ലഭിക്കും. അത് ഉപയോഗപ്പെടുത്തി 12 കളിക്കാരെ ലേലം ചെയ്യണം. ഒരാളെ ടീമുകൾക്ക് ഐക്കൺ പ്ലയറായി പ്രഖ്യാപിക്കാം. അയാളെ ലേലം ചെയ്യാതെ ലഭിക്കും. ലേലത്തിന് ശേഷം ഗുരുവായൂർ മണ്ഡലത്തിൻ്റെ പുറത്ത് നിന്ന് 4 കളിക്കാരെ ഗസ്റ്റ് കളിക്കാരായി ടീമിലെടുക്കാം. അങ്ങനെ ആകെ ഓരോ ടീമിലും 16 കളിക്കാർ ഉണ്ടാകും. ഗുരുവായൂർ ലൈബ്രററി ഹാളിൽ വെച്ചാണ് താര ലേലം നടന്നത്.
തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, തൃശൂർ ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് സി സുമേഷ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാരക്, സംഘാടക സമിതി ചെയർമാൻ ജി കെ പ്രകാശൻ, ജനറൽ കൺവീനർ ടി.എം ബാബുരാജ്, കെ.ആർ സൂരജ്, വി.വി ഡൊമിനി, കെ.പി സുനിൽ, എ കെ തിലകൻ,ഒ.എൻ. രഞ്ജിത്ത്, അരുൺ സി മോഹൻ, ഷെനിൽ എന്നിവർ പങ്കെടുത്തു.