ചാവക്കാട്: ചാവക്കാട് കോഴിക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വൈലി മഹോത്സവം ആഘോഷിച്ചു. പുലർച്ചെ നാലിന് ക്ഷേത്രം തന്ത്രി ദൊഡ്ഡുമഠം രാജഗോപാൽ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ ഗണപതിഹോമത്തോടെ വിശേഷാൽ പൂജകൾ നടന്നു. ഉച്ചയ്ക്കുശേഷം രണ്ടിന് ക്ഷേത്രത്തിൽ പൂരം ആരംഭിക്കുന്നതോടെ വിവിധ ദേശ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകൾ വൈകീട്ട് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. ഉച്ചയ്ക്ക് പ്രസാദഊട്ട് ഉണ്ടായിരുന്നു.രാത്രി തിരുവോണം ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാമത് കലോപഹാരം കൊച്ചിൻ നൈറ്റിംഗേൾസിന്റെ ഗാനമേള അരങ്ങേറി. 6.30ന് ദീപാരാധനയും രാത്രി പത്തിന് താലം എഴുന്നെള്ളിപ്പും നടന്നു. തുടർന്ന് വടക്കും വാതുക്കൽ ഗുരുതിതർപ്പണത്തോട് കൂടി മഹോത്സവം സമാപിച്ചു. കോഴിക്കുളങ്ങര ശ്രീഭദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നാഗരിക കലാസമിതിയുടെ ശിങ്കാരിമേളവും പൂത്താലത്തോടുകൂടിയ എഴുന്നള്ളിപ്പും വർണ്ണാഭമായി. പ്രസിഡന്റ് അജി, സെക്രട്ടറി എ.കെ സത്യൻ, ഭാരവാഹികളായ പെരിങ്ങാടൻ അനി, ജനാർദ്ദനൻ കിഴക്കര എന്നിവർ നേതൃത്വം നൽകി.