ചാവക്കാട്: പാലയൂർ മഹാതീർത്ഥാടനം ഏപ്രിൽ ആറിന് വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച്ച പതിനായിരങ്ങളാണ് മഹാതീർത്ഥാടന ദിനത്തിൽ പാലയൂരിൽ എത്തിച്ചേരുക. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുലർച്ചെ മുതൽ പദയാത്രികർ എത്തിച്ചേരും. മുപ്പതിനായിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്യും. അന്നേ ദിവസം തുടർച്ചയായി കുർബ്ബാനയുണ്ടാകും. തൃശൂർ അതിരൂപത ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന മുഖ്യപദയാത്രയിൽ മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറും. ഉച്ചതിരിഞ്ഞ് രണ്ടിന് പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ ദിവ്യബലിക്ക് ശേഷം വൈകീട്ട് മൂന്നിന് അതിരൂപതയിലെ യുവജനങ്ങളും ആയിരക്കണക്കിന് വിശ്വാസികളും സന്യസ്തരും ഒന്നിച്ച് അണിചേർന്നുകൊണ്ട് വികാരി ജനറാളച്ചന്മാരുടെ നേതൃത്വത്തിൽ പാലയൂരിൽ മുഖ്യ പദയാത്ര എത്തിച്ചേരും. തുടർന്ന് നാലിന് പള്ളിയങ്കണത്തിൽ പൊതുസമ്മേളനം സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ഫ്രാൻസിൽ നിന്നും എത്തുന്ന മോൺ. പാസ്കൽ ഗോൾനീഷ് വിശിഷ്ടാതിഥിയാകും. വിശ്വാസ പ്രതിജ്ഞ ഏറ്റുചൊല്ലിയതിന് ശേഷം വിശുദ്ധ കുർബാനയോടെ പരിപാടികൾ സമാപിക്കും. ഇരുപത്തിയെട്ടാം പാലയൂർ മഹാ തീർത്ഥാട നത്തോടനുബന്ധിച്ച് ബൈബിൾ കൺവൻഷൻ മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് 6.30 ന് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.അന്നേ ദിവസം ബൈബിൾ പ്രദിക്ഷണം ഉണ്ടാകും. മറ്റു ദിവസങ്ങളിൽ കൗൺസലിംഗ്, രോഗശാന്തി ശുശ്രൂഷ, അനുരഞ്ജനം, കുമ്പസാരം എന്നിവ ഉ ണ്ടാകും. ഇതിനായി 5000 പേർക്ക് ഇരിക്കുവാനുള്ള ഇരുപ്പിടങ്ങളും പന്തലും സജ്ജീകരിച്ചിട്ടുണ്ട്. ഒ.എഫ്.എം കാപ്പ് ഗാഗുൽത്താ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ബെന്നി പീറ്റർ വെട്ടിയ്ക്കാനംകുടി ധ്യാനം നയിക്കും. എല്ലാ ദിവസങ്ങളിലും വൈകിട്ട് അഞ്ചിന് ജപമാല തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. സമാപന ദിനമായ ഏപ്രിൽ മൂന്നിന് ത്യശ്ശൂർ അതിരൂപത മെത്രാപൊലിത്ത മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നൽകും. പാലയൂർ ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ. ഡേവീസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാദർ ക്ലിന്റ് പാണെങ്ങാടൻ, തീർത്ഥ കേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, മഹാ തീർത്ഥാടനം ജനറൽ കൺവീനർ തോമസ് ചിറമ്മേൽ, ഫൈനാൻസ് കൺവീനർ പി.എ. ലാസർ മാസ്റ്റർ, ബൈബിൾ കൺവെൻഷൻ കൺവീനർ ജോയ് ചിറമ്മൽ, കൈക്കാരൻ സേവിയർ വാക്കയിൽ, പബ്ലിസിറ്റി കൺവീനർ എ.എൽ കുര്യാക്കോസ്, പി.ആർ.ഒ ജെഫിൻ ജോണി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.