ചാവക്കാട്: ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുവഴി നടപ്പിലാക്കുന്ന ആർ.എ.എം.പി പ്രോഗ്രാമിന്‍റെ ഭാഗമായി ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് പരിധിയിലുള്ള വിവിധ ബാങ്ക് പ്രതിനിധികൾ സംരംഭകർക്കായി നടപ്പിലാക്കുന്ന പദ്ധതികൾ വിശദികരിച്ചു. പുതിയ എം.എസ്.എം.ഇ ലോൺ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. പുതിയ സംരംഭകർക്ക് ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷനുകൾ നടന്നു. നവ സംരംഭകർക്ക് വിവിധ ബാങ്ക് പ്രതിനിധികളുമായി അവരുടെ ലോൺ ആവശ്യകത ചർച്ച ചെയ്യുവാനുള്ള അവസരവും ഒരുക്കിയിരുന്നു. ബാങ്ക് അപ്രൂവ് ചെയ്ത ലോൺ അപേക്ഷകളുടെ അനുമതി പത്ര വിതരണവും ചടങ്ങിൽ വെച്ച് നടന്നു. മികച്ച വിജയം കൈവരിച്ച യുവസംരംഭക ടീന ജസ്റ്റിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എസ് ഷീബ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് നഗരസഭ കൗൺസിലർ ബുഷറ ലത്തീഫ്, ജില്ലാ വ്യവസായകേന്ദ്രം മാനേജർമാരായ സ്മിത ആർ, ജിഷ കെ.എ, ലിനോ ജോർജ്ജ്, ബിന്ദു കെ.ആർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ കൺവീനർ ജോജി തോമസ് എന്നിവർ സംസാരിച്ചു. ചാവക്കാട് ഉപജില്ലാ വ്യവസായ ഓഫീസർ പി.ജി ജിനി സ്വാഗതവും ഗുരുവായൂർ വ്യവസായ വികസന ഓഫീസർ ബിന്നി മോൻ നന്ദിയും പറഞ്ഞു.