ചാവക്കാട്: ‘സർക്കാർ നിസ്സംഗത വെടിയുക ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം’ എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ നേതൃത്വത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാംപിയിന് ജില്ലയിൽ തുടക്കമായി. ചാവക്കാട് വ്യാപാരിഭവനിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അസ്ഗലി തങ്ങൾ, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ ഹുസൈൻ തങ്ങൾ, ഉമർ മുഖ്താർ, ജില്ല ജനറൽ സെക്രട്ടറിമാരായ ടി.എം അക്ബർ, ഇ.എം ലത്തീഫ് , ജില്ല സെക്രട്ടറിമാരായ റഫീന സൈനുദ്ദീൻ, എ.എം മുഹമ്മദ് റിയാസ്, കെ.ബി അബുതാഹിർ സംസാരിച്ചു. ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി റാലികൾ, ലഘുലേഖ വിതരണം, ജാഗ്രത സമിതി, കലാകായിക മത്സരങ്ങൾ, ഉപന്യാസം മത്സരം, ലഹരി വിരുദ്ധ പ്രതിജ്ഞ, അങ്ങാടി ചർച്ചകൾ, ഫോട്ടോ പോസ്റ്റർ പ്രദർശനം, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.