ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഒമ്പതാം ദിനത്തിൽ ഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനായി എഴുന്നള്ളി. ഭക്തസഹസ്രങ്ങൾ ആനന്ദ നിർവൃതിയിൽ ദർശന സായൂജ്യം നേടി. വൈകുന്നേരം കൊടിമര ചുവട്ടിലെ ദീപാരാധനയ്ക്ക് ശേഷമായിരുന്നു ശ്രീ ഗുരുവായൂരപ്പൻ്റെ ഗ്രാമപ്രദക്ഷിണം. സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ശ്രീ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചു വെച്ച ശേഷം നടന്ന ദീപാരാധന ദർശിക്കാൻ വൻ ഭക്തജനതിരക്കായിരുന്നു. ദീപാരാധനക്കു ശേഷം ഗുരുവായൂരപ്പനെ സ്വർണ്ണക്കോലത്തിൽ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്ക് എഴുന്നള്ളിച്ചു. ദേവസ്വം പുന്നത്തൂർ ആനകോട്ടയിലെ കൊമ്പൻ ദാമോദർ ദാസ് സ്വർണ്ണക്കോലമേറ്റി. നാലു കരിവീരൻമാർ പറ്റാനകളായി. പുകൾപെറ്റമേള പ്രമാണിമാരുടെ പ്രമാണത്തിൽ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. വാളും പരിചയുമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരൻമാർ, കൊടി, തഴ, സൂര്യമറ എന്നിവയും അകമ്പടിക്കായി അണിനിരന്നു. ഗ്രാമപ്രദക്ഷിണത്തിന് ഇറങ്ങിയ ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പ് ദർശിച്ച് ഭക്തസഹസ്രങ്ങൾ സായൂജ്യത്തിലായി. ശർക്കരയും പഴവും അവിലും മലരും കൊണ്ട് നിറപറയും, നിലവിളക്കും വെച്ച് വഴിനീളെ ഭക്തജനങ്ങൾ ശ്രീഗുരുവായൂരപ്പന് എതിരേൽപ്പ് നൽകി.