ചാവക്കാട്: ലഹരി മുക്ത മഹല്ലിനായി ലഹരിക്കെതിരെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് അങ്ങാടിത്താഴം മഹല്ല്. മെഗാ സെമിനാർ, ഭവനസമ്പർക്കം, ലഘുലേഖ വിതരണം, കൗൺസിലിങ് തുടങ്ങി വിവിധ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്. ചാവക്കാട് മഹല്ല് ജുമാഅത്ത് പള്ളി കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ലഹരിക്കെതിരെ ബോധവൽക്കരണത്തിൻ്റെ ആദ്യ ഭാഗമായി മഹല്ലിലെ രക്ഷിതാക്കളെയും യുവതി – യുവാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി മെഗാ സെമിനാർ സംഘടിപ്പിക്കും. തുടർന്ന് ലഹരിയെ എങ്ങിനെ തടയാം, ലഹരി ഉപയോഗം എങ്ങനെ അറിയാം, ലക്ഷണങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങളടങ്ങിയ ലഘു ലേഖകൾ മഹല്ലിലെ വീടുകളിൽ വിതരണം ചെയ്യും. കൗൺസിലിങ്ങ് വേണമെങ്കിൽ മഹല്ല് കമ്മിറ്റിയെ സമീപിച്ചാൽ വിദഗ്ധ കൗൺസിലറുടെ സൗജന്യ കൗൺസിലിങ് സൗകര്യവും മഹല്ല് കമ്മിറ്റി ഒരുക്കും. യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു ലഹരിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. ട്രഷറർ നാസർ കൊളാടി, എൻ.കെ ശംസുദ്ധീൻ, അനീഷ് പാലയൂർ, കെ.വി സത്താർ, ജലാൽ നാസ്കോ എന്നിവർ സംസാരിച്ചു.