ചാവക്കാട്: സി.പി.എം പ്രവർത്തകനായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ 5 പ്രതികൾക്ക് 7 വർഷം 11 മാസം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ. ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന സ്വദേശികളായ മുതിര പറമ്പത്ത് വീട്ടിൽ അഖിൽ എന്ന കുട്ടു (28), കണ്ടൻകുളങ്ങര വീട്ടിൽ വിഷ്ണു (29), കണ്ടൻകുളങ്ങര വീട്ടിൽ വിഷ്ണു (32), കുഴിപറമ്പിൽ വീട്ടിൽ ശ്രീഷിത് (28), കുളപ്പുറത്ത് വീട്ടിൽ സനീഷ് എന്ന പക്രു (35) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻ് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ രണ്ടാം പ്രതിയായ പയ്യൂർ മാന്തോപ്പ് കൊട്ടിലിങ്ങൽവളപ്പിൽ വീട്ടിൽ ആദർശ് (29) വിചാരണ നേരിടാതെ ഒളിവിലാണ്. ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന തണ്ടാശേരി വീട്ടിൽ ശരത്തി(29)നെയും സുഹൃത്ത് അർജുനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2018 മെയ് 20ന് രാത്രി 7.30 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. സിപിഎമ്മിൻ്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിന് പോലീസിൽ പരാതി നൽകിയിട്ടുള്ള വിരോധത്തിലായിരുന്നു ആക്രമണം. ശരത്തും സുഹൃത്തുക്കളും സൗത്ത് പഴുന്നാനയിലുള്ള വീടിനു സമീപത്തെ പഞ്ചായത്ത് കിണറിന് സമീപത്ത് ഇരിക്കുന്ന സമയത്ത് മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ ബി.ജെ.പി പ്രവർത്തകർ ശരത്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് അർജുനെയും ആക്രമിച്ചത്. മറ്റു സുഹൃത്തുക്കളെയും സംഘം ആക്രമിച്ചിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ ബൈക്കിൽ ചൂണ്ടൽ ഭാഗത്തേക്ക് പോയി. പരിക്കേറ്റ ശരത്തിനെയും അർജുനനെയും ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും ശരത്തിനെ പിന്നീട് വിദഗ് ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ഐ.സി.യുവിൽ കിടന്ന ശേഷമാണ് ശരത്തിനെ രക്ഷിക്കാനായത്. പിഴ സംഖ്യ സാരമായി പരിക്കേറ്റ ശരത്തിന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശമുണ്ട്, പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 രേഖകളും തൊണ്ടിമുതലുകളും, ഹാജരാക്കുകയും 12 സാക്ഷികളെ വിസ്തരിക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന എ .ജെ വർഗീസ് മൊഴിയെടുത്ത കേസിൽ കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ യു.കെ ഷാജഹാനാണ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയത്. തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി.എസ് സന്തോഷ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ രജിത് കുമാർ ഹാജരായി, കോർട്ട് ലൈസൻ ഓഫീസറായ പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.ജെ സാജനും പ്രോസിക്യൂഷനെ സഹായിച്ചു.