ഗുരുവായൂർ: ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആട്ടയൂരിൽ യുവാവിനെ സംഘം ചേർന്ന് വാളു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 3 മാസം തടവും 10,000 രൂപ പിഴയും ശിക്ഷ. നിരവധി കേസുകളിൽ പ്രതിയായ എളവള്ളി കടവല്ലൂർ സ്വദേശി പള്ളികുളങ്ങര വീട്ടിൽ തിലക(53)നെയാണ് തൃശൂർ രണ്ടാം ക്ലാസ് അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.1999 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിക്ഷ ഭയന്ന് കോടതിയിൽ ഹാജരാകാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശൂർ ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ഐ.പി.എസിന്റെ നിർദേശപ്രകാരം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗുരുവായൂർ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെകർ ശരത് സോമനും സംഘവുമാണ് പ്രതിയെ പെരിയമ്പലത്ത് നിന്ന് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ.എം നന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ കൃഷ്ണപ്രസാദ്, വി.പി സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജോസ് പോൾ, അഭിലാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.