പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ നിർമ്മിക്കാനിരിക്കുന്ന കടൽഭിത്തി പ്രദേശത്തിന് ഭീഷണിയാണെന്ന് യൂത്ത്ലീഗ്. കടൽ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും ആശങ്കയകറ്റണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു. കടൽ ഭിത്തി നിർമ്മിക്കുന്ന സ്ഥലം യൂത്ത്ലീഗ് നേതാക്കൾ സന്ദർശിച്ചു. സമീപപ്രദേശമായ പാലപ്പെട്ടിയിൽ കടൽ ഭിത്തിയുടെ അശാസ്ത്രീയമായ നിർമിതിമൂലം ജനവാസ മേഖലയിലേക്ക് കടൽ കയറുകയും വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസ്ഥ നിലനിൽക്കെ അണ്ടത്തോട് മേഖലയിലെ കടലോരവാസികളും മത്സ്യതൊഴിലാളികളും ആവശ്യപ്പെട്ട പുലിമുട്ട് നിർമാണത്തിന് മുൻകൈ എടുക്കാതെയുള്ള കടൽഭിത്തി നിർമാണത്തിലെ ആശങ്ക അകറ്റണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാതെ കടൽഭിത്തി നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെങ്കിൽ ജനകീയ സമരങ്ങൾക്ക് യൂത്ത്ലീഗ് നേതൃത്വം നൽകുമെന്നും യൂത്ത്ലീഗ് നേതാക്കൾ അറിയിച്ചു. യൂത്ത്ലീഗ് ഭാരവാഹികളായ അഷ്റഫ് ചോലയിൽ, ഇർഷാദ്, പി.കെ സകരിയ, കെ.സി.എം ബാദുഷ, ഉനൈസ് നേതാക്കളായ സി.എം ഗഫൂർ, ഷെക്കീർ പൂളക്കൽ, ഇബ്രാഹിം തങ്ങൾപടി, ഫിറോസ്, നിഷാദ്, ഫാറൂക്ക്, സി.യു ഷെക്കീർ, അഹർജാൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.