Thursday, March 13, 2025

“വീഡിയോ ഞാൻ എഡിറ്റ് ചെയ്തത്, പറഞ്ഞതൊക്കെ നുണ”; കരുവാരക്കുണ്ടിലെ കടുവയുടെ വീഡിയോ വ്യാജം

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയിറങ്ങിയെന്ന വാർത്ത വ്യാജമാണെന്ന് വനംവകുപ്പ്. കടുവയുടെ വീഡിയോ വ്യാജമെന്ന് കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. യൂട്യൂബിലെ പഴയ വീഡിയോ എഡിറ്റ് ചെയ്ത് ജെറിൻ എന്ന യുവാവ് പ്രചരിപ്പിച്ച വീഡിയോ ആണ് ഇതെന്നും വനം വകുപ്പ് അറിയിച്ചു. 2021 മുതൽ യൂട്യൂബിൽ പ്രചരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ള 12 സെക്കൻഡ് ഭാഗം എടുത്താണ് ജെറിൻ തെറ്റിദ്ധരിപ്പിച്ചത്.

നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിത് ലാലിൻ്റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. പ്രദേശത്ത് കടുവയുണ്ട്, പക്ഷെ ഞാൻ കണ്ടിട്ടില്ല. വീഡിയോ ഞാൻ എഡിറ്റ് ചെയ്തതാണ്. മാധ്യമങ്ങളോട് പറഞ്ഞതൊക്കെ നുണയാണ് എന്ന് ജെറിൻ വനംവകുപ്പ് നടത്തിയ ചോദ്യം ചെയ്യലിൽ പറഞ്ഞു. താൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട വീഡിയോ വാർത്തയാക്കട്ടെ എന്ന് പത്രത്തിൻ്റെ ഏജൻ്റാണ് ചോദിച്ചതെന്നും ജെറിൻ പറഞ്ഞു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിന് ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകി.
ശനിയാഴ്ച രാത്രി കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയെ കണ്ടെന്നാണ് ജെറിൻ അവകാശപ്പെട്ടിരുന്നത്. ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments