ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന് നടക്കും. പ്രാഥമിക പട്ടികയിൽ 12 ആനകൾ ഇടംനേടി. ആനയോട്ട ഉപസമിതിയാണ് പട്ടികക്ക് അംഗീകാരം നൽകി. നന്ദൻ, വിഷ്ണു, ദേവദാസ്, രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ, ചെന്താമരാക്ഷൻ, സിദ്ധാർത്ഥൻ, ദേവി, ദാമോദർ ദാസ്, ബാലു, അയ്യപ്പൻകുട്ടി എന്നീ ആനകളാണ് പ്രാഥമിക പട്ടികയിലുള്ളത്. ഇവരിൽ നിന്ന് 10 ആനകളെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് ആനകളെയാണ് ആനയോട്ടത്തിൽ പങ്കെടുപ്പിക്കുക. രണ്ട് ആനകളെ കരുതലായി നിർത്തും. മാർച്ച് ഒമ്പതിന് ബ്രഹ്മകലശം കഴിഞ്ഞ ഉടൻ ഉച്ചപൂജക്കു മുമ്പായി ക്ഷേത്രം കിഴക്കെ ദീപസ്തംഭത്തിനു മുന്നിലാണ് നറുക്കെടുപ്പ് നടക്കും. മാർച്ച് 10 ന് വൈകീട്ട് മൂന്നിന് മഞ്ജുളാലിന് സമീപത്ത് നിന്നാണ് ആനയോട്ടം ആരംഭിക്കും. ക്ഷേത്രത്തിനകത്തേക്ക് ഒരു ആനയെ മാത്രമേ പ്രവേശിപ്പിക്കൂ. ആനയോട്ടത്തിന് ശേഷം പുന്നത്തൂർക്കോട്ടയിൽ വിശേഷാൽ ആനയൂട്ട് നടക്കും. ഉപസമിതി യോഗത്തിൽ ഭരണ സമിതി അംഗം മനോജ് ബി നായർ അധ്യക്ഷത വഹിച്ചു.