Friday, February 28, 2025

ഗുരുവായൂർ നഗരസഭയിൽ ക്ഷീരസാഗര പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ക്ഷീരസാഗര പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ 2024 -25 വർഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം ഷഫീർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ കെ.പി ഉദയൻ, കെ.പി.എ റഷീദ്, പി.കെ നൗഫൽ എന്നിവർ സംസാരിച്ചു. ഗുരുവായൂർ വെറ്റിനറി സർജൻ ഡോക്ടർ വിവേക് പദ്ധതി വിശദീകരണം നടത്തി. നഗരസഭയുടെ നിർവഹണ ഉദ്യോഗസ്ഥൻ ഡോ. അഷ്റഫ് നന്ദി പറഞ്ഞു.

     തൈക്കാട് വെറ്റിനറി സർജൻ ഡോക്ടർ വിന്നി മൃഗസംരക്ഷണ മേഖലയിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷീരധാര പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ മുട്ടക്കോഴികൾ, ക്ഷീര കർഷകർക്ക് കറവപ്പശുക്കൾക്കായി സബ്സിഡി നിരക്കിൽ കാലിത്തീറ്റ, സൗജന്യമായി ധാതുലവണ മിശ്രിതം, ക്ഷീരകർഷകർക്ക് പാൽ ഉൽപാദനവുമായി ബന്ധപ്പെട്ട ഉല്പാദന പ്രോത്സാഹന ബോണസ് , മൃഗാശുപത്രികൾ മുഖേന കർഷകർക്ക് സൗജന്യ നിരക്കിൽ ആവശ്യമായ മരുന്നുകൾ എന്നിവ ഈ വർഷം ലഭ്യമാകും. അനുദിനം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ക്ഷീരമേഖലയിലെ കർഷകർക്ക് കൈത്താങ്ങാവുന്ന വിധത്തിലുള്ള പദ്ധതികൾ കഴിഞ്ഞ വർഷങ്ങളിലായി നഗരസഭ നടപ്പിലാക്കുന്നുണ്ടെന്നും പുതിയ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനു വേണ്ട നടപടികളുമായി നഗരസഭ ഇനിയും മുന്നോട്ടുപോകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments