ചാവക്കാട്: തിരുവത്ര സ്വയംഭൂ മഹാക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആഘോഷിച്ചു. പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. രാവിലെ തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തില്‍നിന്ന് പൂത്താലം എഴുന്നള്ളിപ്പ്, ഉച്ചക്ക് പ്രസാദ ഊട്ട്, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. വൈകീട്ട് വിവിധ ഉത്സവാഘോഷ സമിതികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി. ദീപാരാധന, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, നവകം, പഞ്ചഗവ്യം എന്നിവയും ഉണ്ടായി. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ശ്രീഭൂതബലിക്കു ശേഷം എടക്കഴിയൂര്‍ ചുക്കുബസാര്‍ ഉത്സവാഘോഷ കമ്മിറ്റിയുടെ ഭസ്മക്കാവടി എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി. രാത്രി ഡബിള്‍ തായമ്പക, തുടര്‍ന്ന് കലാപരിപാടികൾ അരങ്ങേറി.