ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശിവരാത്രി മഹോത്സവം സമാപിച്ചു. ശിവാത്രി ദിവസമായ ഇന്ന് മഹാദേവനെ വണങ്ങുന്നതിനായി അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. നടരാജ മണ്ഡപത്തിൽ രാവിലെ ഗുരുവായൂർ മണി സ്വാമിയുടെ ദക്ഷയാഗം എന്ന വിഷയത്തിൽ നടന്ന ഭക്തി പ്രഭാഷണത്തോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് രഹ്നമുരളീ ദാസിൻ്റെ മോഹിനിയാട്ടം, മമ്മിയൂർ മാതൃസമിതിയുടെ നൃത്തനൃത്യങ്ങൾ, പ്രീതമുരളിയും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം, ഗുരുവായൂർ ക്ഷേത്രകലാനിലയത്തിൻ്റെ ബാണയുദ്ധം കൃഷ്ണനാട്ടം എന്നിവയും ഉണ്ടായി. ക്ഷേത്രത്തിനകത്ത് മഹാദേവനും മഹാവിഷ്ണുവിനും ലക്ഷാർച്ചന നടന്നു.തുടർന്ന് ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരി മഹാദേവന് ഭസ്മാഭിഷേകവും, മഹാവിഷ്ണുവിന് കല്ലൂർ കൃഷ്ണജിത്ത് നമ്പൂതിരിപ്പാടും അഭിഷേകം നടത്തി.നാഗക്കാവിൽ മൂന്ന് ദിവസമായി നടന്നുവന്നിരുന്ന നാഗപ്പാട്ടും നാവോർപ്പാട്ടും സമാപിച്ചു. ക്ഷേത്രം നടപുരയിൽ നടന്ന സൂമൂഹാർച്ചനക്ക് കോമത്ത് നാരായണ പണിക്കർ മുഖ്യകാർമ്മികത്വം വഹിച്ചു. ശിവരാത്രിയോടനുബന്ധിച്ച് നടന്ന പ്രസാദ ഊട്ടിൽ 3000-ൽ അധികം പേർ പങ്കെടുത്തു.