ചാവക്കാട്: ആറു വർഷമായി ക്യാൻസർ ചികിത്സയിൽ കഴിയുന്ന ചാവക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയുടെ ചികിത്സക്കായി സഹായ സമിതി രൂപീകരിച്ചു. ചികിത്സക്കായി 43 ലക്ഷം രൂപ ചിലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ഈ കുടുംബത്തിന് ചികിത്സകാവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതി തിരിച്ചറിഞ്ഞതോടെ പൊതുജന പങ്കാളിത്തത്തോടെ ചികിത്സ സഹായ സമിതി രൂപീകരിക്കുകയായിരുന്നു.
യോഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, നഗരസഭ പ്രതിപക്ഷനേതാവ് കെ.വി സത്താർ, മാലിക്കുളം അബ്ബാസ്, അഡ്വ. മുഹമ്മദ് ബഷീർ, പി.എസ് അശോകൻ എന്നിവർ സംസാരിച്ചു.
മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ, കെ.കെ വൽസരാജ് , എൻ.കെ അക്ബർ എം.എൽ.എ, സി.എ ഗോപപ്രതാപൻ, കെ.വി അബ്ദുൾ ഹമീദ് എന്നിവർ രക്ഷാധികാരികളായും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചെയർമാനുമായും പ്രതിപക്ഷ നേതാവ് കെ.വി സത്താർ കൺവീനറുമായും അക്ബർ കോനോത്ത് ട്രഷററായുമുള്ള സഹായ സമിതിയാണ് രൂപികരിച്ചത്.