ചാവക്കാട്: കോൺഗ്രസ്സ് നേതാവും ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയർമാനുമായിരുന്ന കെ ബീരു സാഹിബിനെ കോൺഗ്രസ് അനുസ്മരിച്ചത് ചേരിതിരിഞ്ഞ്. ഇന്ന് രാവിലെ കെ.പി.സി.സി മുൻ അംഗം സി.എ ഗോപപ്രതാപന്റെ നേതൃത്വത്തിൽ തിരുവത്ര മേഖലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചപ്പോൾ കെ. ബീരു സാഹിബ് അനുസ്മരണ സമിതി എന്ന പേരിൽ എതിർ വിഭാഗം ചാവക്കാട് നഗരസഭ ചത്വരത്തിലായിരുന്നു അനുസ്മരണം. ചാവക്കാട് നടന്ന പരിപാടിയുടെ ഉദ്ഘാടകൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ ചാവക്കാട്ടെ ഐ ഗ്രൂപ്പ് നേതാവിൻ്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് മുരളീധരൻ നൽകിയത്.
ഗ്രൂപ്പ് കളിക്കാർക്ക് കെ മുരളീധരന്റെ മുന്നറിയിപ്പ് – (വീഡിയോ കാണാം)
ഇലക്ഷൻ ക്ലൈമാക്സ് എത്തുമ്പോൾ ഇലക്ഷൻ കമ്മിറ്റി സ്ഥാനം രാജിവെക്കുകയും രാവിലെ ഒരുമിച്ച് നടന്ന് രാത്രി പാര വെക്കുകയും ചെയ്യുന്നവർക്ക് പാർട്ടിയിൽ പ്രമോഷൻ ലഭിക്കുകയാണ്. അങ്ങനെയുള്ളവർക്ക് സ്വീകരണവും നൽകുന്നു. മുരളീധരൻ പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് തന്നെ ഈ പരിപാടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളും ഒട്ടേറെ പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. തിരുവത്രയിൽ നടന്ന അനുസ്മരണ ചടങ്ങ് മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡണ്ട് സി.വി സുരേന്ദ്രൻ മരക്കാരാണ് ഉദ്ഘാടനം ചെയ്തത്. ചാവക്കാട്ടെ പരിപാടിയെ അപേക്ഷിച്ച് മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തം ഈ പരിപാടിയിൽ കുറവായിരുന്നു. അതേസമയം പാർട്ടിക്ക് തീരദേശ മേഖലയിൽ അടിത്തറപാകിയ നേതാവിനെ അനുസ്മരിക്കാൻ കോൺഗ്രസ് ചേരിതിരിഞ്ഞ് പരിപാടി സംഘടിപ്പിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്.