ഗുരുവായൂർ: തൈക്കാട് കൃഷിഭവൻ മേഖല തല അഗ്രി ക്ലിനിക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ അനീഷ്‌മ ഷനോജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ 11-ാം വാർഡ് തുടർ വിദ്യാ കേന്ദ്രത്തിൽ ചേർന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എ.എം ഷഫീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.സി രജിന പദ്ധതി വിശദീകരണം നടത്തി. കർഷകരുടെ സംശയങ്ങൾക്കനുസരിച്ച് ആവശ്യമായ നിർദ്ദേശങ്ങളും അനുവർത്തിക്കേണ്ട പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിച്ചു. കൃഷി മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ജൈവ കീടനിയന്ത്രണ ഉപാധികളെക്കുറിച്ചും വിശദീകരിച്ചു. ആവശ്യമായ സന്ദർഭങ്ങളിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് പരിഹാര മാർഗങ്ങൾ നൽകുന്നത് ഇത്തരം കാർഷിക ക്ലിനിക്കുകൾ ഉപയോഗപ്പെടുത്താമെന്ന് ഓഫീസർ കർഷകരെ അറിയിച്ചു. തുടർന്നുള്ള യോഗങ്ങളിൽ അത്തരങ്ങൾ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി നടപ്പിലാക്കാൻ തീരുമാനിച്ചു. കർഷക പ്രതിനിധി എം.ജി പ്രഭാവതി നന്ദി പറഞ്ഞു. കാർഷിക വികസന കർഷക വകുപ്പിന്റെയും ഗുരുവായൂർ നഗരസഭയുടെയും വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനും കാർഷിക വിളകളുടെ കൃഷി മുറകൾ, പരിപാലനം എന്നിവ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനുമാണ് വാർഡ് അടിസ്ഥാനത്തിൽ അഗ്രി ക്ലിനിക്ക് പ്രവർത്തിക്കുന്നത്.