തിരുവനന്തപുരം: അതിക്രൂര കൊലപാതകത്തിനാണ് തലസ്ഥാന നഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുംനിന്നും പ്രാഥമിക അന്വേഷണത്തിലും ഇവ വ്യക്തമാകുന്നുണ്ട്. എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. നിലവിൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കൽ നിന്ന് മാല കവർന്നതായും പോലീസ് പറയുന്നു. എന്നാൽ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂർണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല.
പെൺസുഹൃത്തിന്റെ മുഖം അടിച്ചു തകർത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കിൽ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പ്രതിയുടെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് പ്രതി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 11.30ന് പള്ളിയിലെ സെക്രട്ടറി പിരിവിന് വേണ്ടി സൽമാബീവിയുടെ വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് അഫാൻ സൽമാ ബീവിയുടെ വീട്ടിൽ എത്തിയതെന്നാണ് വിവരം. വൈകിട്ട് അഞ്ച് മണിക്ക് ബന്ധു വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സൽമാ ബീവി ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. ഇതിന് ശേഷമാണ് പ്രതിയുടെ പിതാവ് റഹീമിന്റെ സഹോദരൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം തിരികെ വീട്ടിലെത്തി ഉമ്മയെ ആക്രമിച്ച ശേഷം സഹോദരനെയും കൊലപ്പെടുത്തി. കൊലപ്പെടുത്തും മുമ്പ് സഹോദരൻ ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ വീട്ടിലെത്തിയ പെൺസുഹൃത്തിനേയും പ്രതി കൊലപ്പെടുത്തിയതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.