ഗുരുവായൂർ: ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ മെഴുകുതിരിയേന്തി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന ഐക്യദാർഢ്യ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ആശ പ്രവർത്തകരുടെ തുച്ഛമായ ഓണറേറിയം പോലും 3 മാസം കുടിശിക വരുത്തിയതിനും ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ നടപടിയിലും മഹിള കോൺഗ്രസ് പ്രതിഷേധിച്ചു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രേണുക ശങ്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ബേബി ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം ബീന രവിശങ്കർ, നഗരസഭ പ്രതിപക്ഷ നേതാക്കളായ കെ.പി ഉദയൻ, കെ.വി സത്താർ, നഗരസഭ കൗൺസിലർ സി.എസ് സൂരജ്, ശ്രീധരൻ മാക്കാലിക്കൽ, പ്രിയ രാജേന്ദ്രൻ, ബാലൻ വാറണാട്ട്, ശൈലജ ദേവൻ, സൽമ സുലൈമാൻ എന്നിവർ സംസാരിച്ചു.