ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ഭാഗവതോത്സവത്തിൽ 101 പേർ പങ്കെടുത്ത അഷ്ടപദി അരങ്ങേറി. പൈതൃകം കലാക്ഷേത്രയുടെ കീഴിൽ ഗുരുവായൂർ ജ്യോതിദാസും ശിഷ്യരുമാണ് ഒരുമണിക്കൂർ നീണ്ടുനിന്ന അനുഷ്ഠാന കല അവതരിപ്പിച്ചത്. സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ മാറ്റുകൂട്ടി. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള അനുഗ്രഹ പ്രഭാഷണം നടത്തി. അദ്ദേഹത്തിന് പൊന്നാടയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഉപഹാരവും നൽകി. ഗുരുവായൂർ ദേവസ്വം മുൻ മാനേജിംഗ് കമ്മിറ്റി അംഗം ഗോകുലം ഗോപാലനെ പൊന്നാടയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും നൽകി സ്വാമി ഉദിത് ചൈതന്യ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോക്ടർ ടി.എം വാസുദേവൻ, വർക്കിംഗ് ചെയർമാൻ അഡ്വ. രവി ചങ്കത്ത്, വർക്കിംഗ് കൺവീനർ ഡോ. കെ.ബി പ്രഭാകരൻ, ട്രഷറർ ശ്രീകുമാർ പി നായർ, സെക്രട്ടറി മധു കെ നായർ, കെ.കെ വേലായുധൻ, മണലൂർ ഗോപിനാഥ്, മുരളി അകമ്പടി, ഒ.വി രാജേഷ് എന്നിവർ സംസാരിച്ചു. കൃഷ്ണ കുചേല സംഗമം ദൃശ്യാവിഷ്കാരം ഉണ്ടായി. തിരുവാതിരക്കളിയും അരങ്ങേറി.