കുന്നംകുളം: ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കുന്നംകുളം ബസ് സ്റ്റാൻഡിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം തിപ്പിലശ്ശേരി പ്ലാക്കൽ വീട്ടിൽ ബിജു (46)വിനെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2023 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വൈകീട്ട് കുന്നംകുളം ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിനിക്ക് നേരെ ബസ്സിനകത്തു വച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിനി പ്രതികരിച്ച ശേഷം ബസ്സിൽ നിന്നിറങ്ങി. ഇതിനിടയിൽ വിദ്യാർഥിനി പ്രതിയെ പിന്തുടർന്ന് പ്രതിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി സ്റ്റാൻഡിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കുന്നംകുളം സബ് ഇൻസ്പെക്ടറായിരുന്ന യു മഹേഷ് ആദ്യം കുറ്റപത്രം സമർപ്പിച്ചു. പിന്നീട് കൂടുതൽ അന്വേഷണം നടത്തി കുന്നംകുളം സബ് ഇൻസ്പെക്ടറായ എം.വി ജോർജും കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ.എസ് ബിനോയും പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് എ.എസ്.ഐ എം ഗീതയും പ്രവർത്തിച്ചു.