Friday, February 21, 2025

രഞ്ജി ട്രോഫി: സൂപ്പര്‍ ത്രില്ലര്‍; രണ്ട് റൺസിന്റെ ലീഡ്, ഫൈനലിനരികെ കേരളം

അഹമ്മദാബാദ്: അടിമുടി സസ്‌പെന്‍സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ കേരളം രഞ്ജി ട്രോഫി ഫൈനലിരികെ. സമ്മര്‍ദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയില്‍ ഗുജറാത്തിനെതിരെ ഫൈനല്‍ സാധ്യത തുറക്കുന്ന രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ്‌ ലീഡ് കേരളം പിടിച്ചത്. ഏറക്കുറേ സാധ്യതകള്‍ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്‌. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്നത്‌ ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് വഴിതുറക്കുക രണ്ട് റണ്‍ ലീഡായിരിക്കും.

അഞ്ചാം ദിനം നിര്‍ഭാഗ്യം രണ്ട് ക്യാച്ചിന്റെ രൂപത്തില്‍ വന്നിട്ടും അവസാനം സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിന്റെ രൂപത്തില്‍ കേരളത്തിന് അവസാന വിക്കറ്റും ഫൈനല്‍ ബര്‍ത്തും സമ്മാനിക്കുന്നതിലേക്ക് എത്തിയ അടിമുടി നാടകീയത നിറഞ്ഞ മത്സരം. അർസാൻ നാഗ്‌വസ്വല്ലയുടെ ബാറ്റിൽ ഉയർന്ന് ബൗണ്ടറിയിലേക്ക് പോവുമായിരുന്ന പന്ത് നേരെ തട്ടിയത് സല്‍മാന്റെ ഹെല്‍മറ്റില്‍. ഉയർന്നു പൊങ്ങിയ പന്ത് സ്ലിപ്പിൽ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. അവിശ്വസനീയത നിറഞ്ഞ നിമിഷങ്ങൾക്കു ശേഷം കേരള താരങ്ങൾ ആഹ്ലാദത്തിമിർപ്പിലേക്ക്‌

ഗുജറാത്ത് ഓൾ ഔട്ട്. കേരളത്തിന് രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌. വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും. ഇരുടീമുകള്‍ക്കും രണ്ടാം ഇന്നിങ്‌സ് ശേഷിക്കുന്നതിനാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കേരളം ഫൈനലിലെത്താനാണ് എല്ലാ സാധ്യതയും. ഫൈനലില്‍ എതിരാളികള്‍ വിര്‍ഭയാകാനാണ് സാധ്യത.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ കേരളം കളിച്ച രീതിയും ആഗ്രഹിച്ചതും സമനിലയും ഒന്നാം ഇന്നിങ്‌സ് ലീഡുമായിരുന്നു. അതാകട്ടെ കടുത്ത സമ്മര്‍ദം അതിജീവിച്ച് കേരളം നേടിയെടുത്തു. മുഹമ്മദ് അസ്ഹറുദീന്‍ ചങ്കുറപ്പോടെ ക്രീസ് അടക്കിഭരിച്ച(341 പന്തില്‍ നിന്ന് 177 റണ്‍സ് നോട്ടൗട്ട്) കളിയില്‍ ആദ്യം നായകന്‍ സച്ചിന്‍ ബേബിയുടേയും(195 പന്തില്‍ 69 റണ്‍സ്) പിന്നാലെ സല്‍മാന്‍ നിസാറിന്റെയും(202 പന്തില്‍ 52 റണ്‍സ്) വീരോചിത ചെറുത്തുനില്‍പും അവസാന രണ്ട് ബാറ്റര്‍മാര്‍ ഒഴികെ എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ ടോട്ടല്‍ ടീം ഗെയിം. ആദ്യ രണ്ട് ദിവസവും കേരളം സേഫായിരുന്നു. എന്നാല്‍ മൂന്നാം ദിനം ഗുജറാത്ത് ശക്തമായി തിരിച്ചടിച്ചു. ഒരു വിക്കറ്റിന് 200 കടന്നപ്പോള്‍ കേരളം അപകടം മണത്തു. എന്നാല്‍ നാലാം ദിനം ജലജ് തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് മുന്‍നിരയെ വീഴ്ത്തി. അക്ഷോഭ്യനായി നിന്ന സെഞ്ചൂറിയന്‍(148 റണ്‍സ്) പാഞ്ചാലിനെ ബൗള്‍ഡാക്കിയ ജലജിന്റെ പന്താണ് ഈ കളിയുടെ ഗതിമാറ്റിയത്. മധ്യനിരയില്‍ ജയ്മീത് പട്ടേല്‍(79) പിടിച്ചുനിന്നപ്പോള്‍ ഗുജറാത്ത് ലീഡ് ഉറപ്പിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കേരളത്തിന്റെ വിശ്വാസം കാത്ത മറുനാടന്‍ താരം ആദിത്യ സര്‍വതെ മൂന്നു വിക്കറ്റെടുത്ത് കേരളത്തെ ലീഡിലേക്ക് നയിച്ചു. സച്ചിന്‍ ബേബി ജയ്മീത്തിന്റെ ക്യാച്ച് രാവിലെ നഷ്ടപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് തോന്നി എന്നാല്‍ സര്‍വതെയുടെ പന്തില്‍ കീപ്പര്‍ അസ്ഹറുദീന്റെ മിന്നല്‍ സറ്റമ്പിങ് ആ കുറവ് നികത്തി. അവസാന വിക്കറ്റില്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ക്ലാസ് ഇന്‍ ഫീല്‍ഡറായ സല്‍മാന്‍ നിസാറിന്റെ നേര്‍ക്ക് വന്ന ബുള്ളറ്റ് റോഡ് കൈയില്‍ കയറി തെറിച്ചപ്പോള്‍ വീണ്ടും നിര്‍ഭാഗ്യത്തിന്റെ സമ്മര്‍ദവും നിരാശയും. തൊട്ടടുത്ത ഓവറില്‍ ജലജിന്റെ പന്ത് കുത്തിത്തിരിഞ്ഞ് ബാറ്ററെയും കീപ്പറെയും ഞെട്ടിച്ച് സ്റ്റമ്പിന് മുകളിലൂടെ ബൈയായി ബൗണ്ടറിയിലേക്ക്. വീണ്ടും നിര്‍ഭാഗ്യത്തിന്റെ നിമിഷങ്ങള്‍. കേരളം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ലീഡിന് രണ്ട് റണ്‍സ് മാത്രം അകലെ നാഗസ്വലയുടെ ബുള്ളറ്റ് ഷോട്ട്. നേരത്തെ വന്നതിന് സമാനമായ പവര്‍ഫുള്‍ ഷോട്ട് ഷോര്‍ട്ട് ലെഗില്‍ നിന്ന സല്‍മാന്റെ ഹെല്‍മറ്റിലേക്ക്. അവിടെ നിന്ന് മുകളിലേക്ക് ഒടുവില്‍ സ്ലിപ്പില്‍ നിന്ന സച്ചിന്‍ ബേബിക്ക് അനായാസ ക്യാച്ച്. രണ്ട് ക്യാച്ചുകള്‍ നഷ്ടമായവര്‍ ചേര്‍ന്ന് ഒരു ക്യാച്ചും ഒരു മത്സരവും ഫൈനലും സമ്മാനിച്ച ഫൈനല്‍ നിമിഷം കേരളത്തിന് രണ്ട് റണ്‍സ് ലീഡ്‌

അവസാനദിവസം ആദിത്യ സർവാതെയും ജലജ് സക്സേനയും ചേർന്ന് ഗുജറാത്തിനെ സമ്മർദത്തിന്റെ കൊടുമുടിയിൽക്കയറ്റി കളി കേരളത്തിന്റെ വരുതിയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച മത്സരത്തിനിറങ്ങുമ്പോള്‍ കേരള സ്‌കോറിലേക്ക് 29 റണ്‍സിന്റെ ദൂരമുണ്ടായിരുന്നു ഗുജറാത്തിന്. എന്നാല്‍ 436-ല്‍ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ കേരളത്തിന് ദിവസത്തിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും സാര്‍വതെ തന്നെ മടക്കി. തലേദിവസം ക്രീസില്‍ പിടിച്ചുനിന്ന ഈ രണ്ടുപേരും പുറത്തായതോടെ ഏറക്കുറെ അപകടം ഒഴിവായി. പക്ഷേ, പത്താംവിക്കറ്റില്‍ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും ഏറെനേരം പിടിച്ചുനിന്നത് കേരളത്തെ കുഴക്കി. ഇരുവരും എട്ടു ഓവര്‍ പിടിച്ചുനിന്ന് ഏഴു റണ്‍സ് നേടി. ഒടുക്കം രണ്ട് റണ്‍സകലെവെച്ച് അര്‍സാനെ സാര്‍വതെ തന്നെ മടക്കി.

കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്. അഞ്ചാംദിനം ഓപ്പണര്‍മാരായ പ്രിയാങ്ക് പാഞ്ചലിന്റെയും (148 റണ്‍സ്) ആര്യ ദേശായിയുടെയും (73) ഇന്നിങ്‌സുകളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സര്‍വാതെ നാലുവിക്കറ്റുകൾവീതം നേടി. അവസാന ദിവസത്തെ മൂന്നുവിക്കറ്റും സാർവാതെയ്ക്കാണ്.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടുദിവസവും ഒരുമണിക്കൂറും ക്രീസില്‍ നിലയുറപ്പിച്ച് 457 റണ്‍സെടുത്തിരുന്നു. 187 ഓവറാണ് കേരളം ബാറ്റുചെയ്തത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ സെഞ്ചുറിയും (177) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (69) തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറിന്റെയും (52) അര്‍ധ സെഞ്ചുറികളുമാണ് കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്. അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ 30 വീതം റണ്‍സും നേടി.

മൂന്നുവിക്കറ്റ് വീഴ്ത്തിയ നഗ്വാസ്വല്ലയാണ് ഗുജറാത്തിന്റെ വിക്കറ്റുവേട്ടക്കാരിലെ മുന്‍പന്‍. ക്യാപ്റ്റന്‍ ചിന്തന്‍ ഗജ രണ്ടും പി.ജഡേജ, രവി ബിഷ്‌ണോയ്, വിഷാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യംവെച്ചായിരുന്നു കേരളം സാവധാനത്തില്‍ സ്‌കോര്‍ നീക്കിയതെങ്കില്‍, ഗുജറാത്തിന് ആ നിലപാടായിരുന്നില്ല. വിക്കറ്റ് കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സ്‌കോര്‍വേഗം കൂട്ടി. മൂന്നാംദിനം 222-ല്‍ ഒന്ന് എന്ന നിലയില്‍ കളിയവസാനിപ്പിച്ച ഗുജറാത്ത് കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. പക്ഷേ, നാലാംദിനം ജലജ് സക്‌സേന നാലുവിക്കറ്റുകള്‍ നേടി കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിച്ചു. ഗുജറാത്തിന്റെ വിക്കറ്റുകള്‍ അടിക്കടി വീണുകൊണ്ടിരുന്നു. ഇതിനിടെ ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന അവസ്ഥയായി. ഒടുക്കം 357-ല്‍ ഏഴ് എന്ന നിലയില്‍ ഗുജറാത്തിനെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് വിക്കറ്റുണ്ടായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments