ചേലക്കര: കാളിയാറോഡ് ചന്ദനക്കുടം നേർച്ച ഇന്ന് ആഘോഷിക്കും. ഇന്ന് രാവിലെ 10-ന് മൗലീദ് പാരായണം, ഖത്തംദുആ, അന്നദാനം എന്നിവയുണ്ടാകും. ഉച്ചമുതൽ നേർച്ചവരവുകൾ പള്ളിയിലെത്തും. ആദ്യം നാല് മഹല്ല് കമ്മിറ്റി നേർച്ചകളും തുടർന്ന് യുവജന-തൊഴിലാളി യൂണിയൻ നേർച്ചകളും പള്ളിയിലെത്തി കൊടിയേറ്റും. പുലാക്കോട്-പങ്ങാരപ്പിള്ളി മഹല്ല്, തൃക്കണായ മഹല്ല്, എളനാട് കിഴക്കുമുറി മഹല്ല്, കാളിയാറോഡ് മഹല്ല് എന്നീ നാല് മഹല്ലുകൾക്കു ശേഷമാണ് മറ്റു നേർച്ചവരവുകൾ പള്ളിയിൽ പ്രവേശിക്കുക. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എസ്.ടി.യു. യൂണിയനുകളുടെയും വിവിധ യുവജനകൂട്ടായ്മകളുടെയും നേതൃത്വത്തിൽ നേർച്ച കാഴ്ചകളുമായി എത്തും. ഗജവീരന്മാരുടെയും ബാൻഡ്, ചെണ്ട, അറബന, ദഫ്മുട്ട്, കോൽക്കളി തുടങ്ങിയവയുടെയും അകമ്പടിയോടെയാണ് നേർച്ചകളെത്തുന്നത്. മുട്ടുംവിളിയുടെ അകമ്പടിയോടെ പള്ളി കവാടത്തിൽനിന്ന് നേർച്ചവരവുകളെ കേന്ദ്ര ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കും. നേർച്ചയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ദിക്ർ ഹൽഖ, സ്വലാത്ത്, ദുആ, അന്നദാനം എന്നിവ നടന്നു.