ചാവക്കാട്: ‘വർഗ്ഗീയതയ്ക്കെതിരെ വെറുപ്പിനെതിരെ ഒരുമയുടെ സംഗീതം’ എന്ന സന്ദേശമുയർത്തി ദില്ലി ആസ്ഥാനമായ ‘ചാർ യാർ’ സൂഫി സംഗീത ഗ്രൂപ്പ് ഫെബ്രുവരി 19 ന് ചാവക്കാട് നഗരചത്വരത്തിൽ സംഗീതപരിപാടി അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയ മാനവിക വേദിയുടേയും ‘ചാവക്കാട് ഖരാന’ യുടേയും സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അക്കാദമീഷ്യൻ, സംഗീത സംവിധായകൻ, ഗായകൻ, ഗ്രന്ഥകാരൻ, സിനിമാചിഹ്ന ശാസ്ത്രസൈദ്ധാന്തികൻ എന്നീ നിലകളിൽ വിഖ്യാതനായ ഡോ. മദൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിൽ ദീപക് കാസ്റ്റിലിനോ (ഗിറ്റാർ-പാശ്ചാത്യസംഗീതം), പ്രീതം ഘോഷാൽ (സരോദ്), അംജദ്ഖാൻ (തബല) എന്നി വരാണ് ‘ചാർ യാർ’ സൂഫി സംഗീത ബാൻ്റിലെ കലാകാരന്മാർ. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഇന്ത്യയിലും യൂറോപ്പിലേയും അമേരിക്കയിലേയും പ്രമുഖ കേന്ദ്രങ്ങളിലും ചാർയാർ സംഗീതയാത്ര അരങ്ങേറിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ നാല് ജില്ല കേന്ദ്രങ്ങളിൽ നടക്കുന്ന സംഗീതയാത്രയിൽ തൃശൂർ ജില്ലയിലെ പരിപാടിയാണ് ‘ചാവക്കാട് ഖരാന’ സംഘടിപ്പിക്കുന്നത്. ‘ചാർ യാർ’ സംഗീതയാത്രയുടെ പ്രചരണ-ധനസമാഹരണാർത്ഥം ‘ചാവക്കാട് ഖരാന’ ഫെബ്രുവരി 15ന് ശനിയാഴ്‌ച വൈകിട്ട് ചങ്ങാതിക്കുറി സംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പ്രസിഡണ്ട് കെ.എ. മോഹൻദാസ്, സെക്രട്ടറി ടി.സി കോയ, പി.കെ. അൻവർ, എ.എച്ച്. അക്‌ബർ, കെ.വി. രവീന്ദ്രൻ അബ്‌ദുൾ കബീർ മൂച്ചിങ്ങൽ, ചന്ദ്രൻ പാവറട്ടി, അജിതരാജ് വടക്കുമ്പാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.