ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു.
ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ബെഞ്ചിന്റെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സംഘം പരിശോധിക്കണമെന്നും ബെഞ്ച് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ്, അഭിഭാഷകന്‍ സി.ആര്‍. ജയസുകിന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചു.
എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എസ്.സി. ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2012-ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥചെയ്യാത്ത നിയന്ത്രണങ്ങള്‍ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനാലാണ് തങ്ങള്‍ ആ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍, ഈ കേസ് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അടിയന്തരമായി ഏതെങ്കിലും വിഷയത്തില്‍ ഇടപെടല്‍ ആവശ്യമെങ്കില്‍ പൂരപ്രേമികളുടെ സംഘടനയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് മൃഗസ്‌നേഹികളുടെ സംഘടന ആവശ്യപെട്ടിരുന്നുവെങ്കിലും ആ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല.