തൃശൂർ: ബി.എസ്.എൻ.എൽ 4ജി സേവനം മാർച്ച് 31 ഓടെ തൃശൂർ ജില്ലയിലാകെ ലഭ്യമാക്കുമെന്ന് ബിഎസ്‌എൻഎൽ സീനിയർ ജനറൽ മാനേജർ എം എസ് ഹരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ 472 ടവറുകളിൽ നിലവിലുള്ള 4ജിക്ക് പുറമേ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായുള്ള 4ജി സേവനം ആരംഭിച്ചു. 80 പുതിയ ടവറുകളിൽ 4ജി പ്രവൃത്തി പുരോഗമിക്കുന്നു. രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലും ആദിവാസി മേഖലകളിലും മറ്റൊരു മൊബൈൽ സേവനദാതാവിനും കവറേജ് ഇല്ലാത്തതുമായ സ്ഥലങ്ങളിൽ ടവറുകൾ നിർമിച്ച് 4ജി ഉറപ്പുവരുത്തുന്ന 4ജി സാച്ചുറേഷൻ പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ 17 ടവറുകളിൽ 4ജി സേവനം ആരംഭിച്ചു. അതിരപ്പിള്ളി വാൽപ്പാറ, പൊകലപ്പാറ, പെരിങ്ങൽക്കുത്ത്, വാച്ച് മരം, ഷോളയാർ, അടിച്ചിൽ തൊട്ടി, അരയ്ക്കാപ്പ്, വെട്ട് വിട്ടക്കാട്, വെള്ളികുളങ്ങര മേഖലയിൽ എച്ചിപ്പാറ, ആനപ്പന്തം, വരന്തരപ്പിള്ളി മേഖലയിൽ നായാട്ടുകുണ്ട്, കുണ്ടായി എസ്‌റ്റേറ്റ്, ഒളനപ്പറമ്പ് പീച്ചി വന്യജീവി മേഖലയിൽ ഒളകര, കരടിക്കുണ്ട്, മണിയൻ കിണർ, താമരവെള്ളച്ചാൽ പഴയന്നൂർ പ്രദേശത്തെ മാട്ടിൻമുകൾ എന്നിവിടങ്ങളിൽ പൂർത്തീകരിച്ചു. ഒഴിഞ്ഞുകിടക്കുന്ന ഓഫീസ് കെട്ടിടങ്ങളും ടെലിഫോൺ എക്‌സ്‌ചേഞ്ചുകളും ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ വാടകയ്ക്ക് ലഭ്യമാണ്. നിലവിൽ 15 ലക്ഷത്തോളം രൂപ വാടകയായി ലഭിക്കുന്നുണ്ട് (ഫോൺ: 9447055205). വിദ്യാമിത്രം സ്‌കീമിൽ അർഹരായ വിദ്യാർഥികൾക്ക് വാർഷിക സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുട്ടികളെ സ്പോൺസർ ചെയ്യാം. മാർച്ച് 31 ഓടെ ജില്ലയിലെ മുഴുവൻ ലാൻഡ്‌ലൈൻ കണക്ഷനുകളും ഫൈബറിലേക്ക് മാറ്റും. മൊബൈൽ ഫോൺ നെറ്റ് വർക്കിലെ ന്യൂനതകൾ രണ്ടുമാസത്തിനകം പരിഹരിക്കുമെന്നും ജനറൽ മാനേജർ പറഞ്ഞു. എജിഎം ബി രവിചന്ദ്രൻ, ഉപദേശക സമിതി അംഗം ഇ എസ് സുഭാഷ്, ഉദ്യോഗസ്ഥരായ ദുർഗ പ്രസാദ്, ഹോളി പോൾ, ടി വി സന്ധ്യ, പി ഗീത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.