Tuesday, March 11, 2025

കോണ്‍ക്രീറ്റുകൊണ്ട് തലയ്‌ക്കെറിഞ്ഞു, എ.എസ്.ഐക്കും സി.പി.ഒയ്ക്കും മര്‍ദനം; അതിഥിത്തൊഴിലാളി അറസ്റ്റിൽ

കാക്കനാട് (ഇടുക്കി): ലഹരിക്കടിമയായ അതിഥിത്തൊഴിലാളി അർധരാത്രി അഴിച്ചുവിട്ട പരാക്രമത്തിൽ തൃക്കാക്കര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് പരിക്ക്. റോഡിൽ കിടന്ന കോൺക്രീറ്റ് കഷ്ണം എറിഞ്ഞ് തല പൊട്ടിക്കുക, പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുക, യൂണിഫോമിലുണ്ടായിരുന്ന വിസിൽ കയർ വലിച്ചെടുത്ത് എ.എസ്.ഐ.യുടെയും സി.പി.ഒ.യുടെയും മുഖത്തും ദേഹത്തും കൈയിലും അടിക്കുക തുടങ്ങിയ അക്രമങ്ങളാണ് യുവാവ് കാണിച്ചുകൂട്ടിയത്. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ മൽപ്പിടിത്തത്തിലൂടെ അരുണാചൽപ്രദേശ് മഹാദേവപുർ സ്വദേശിയായ ധനഞ്ജയ് ധിയോറി (26) നെ പിടികൂടുകയായിരുന്നു. തൃക്കാക്കര പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഷിബി കുര്യൻസ്, സി.പി.ഒ. അനീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച അർധരാത്രി സീപോർട്ട്-എയർപോർട്ട് റോഡിൽ ഈച്ചമുക്ക് ജങ്ഷനു സമീപമാണ് സംഭവം. അർധരാത്രി റോഡിലൂടെ വരുന്ന വാഹനങ്ങളെ ധനഞ്ജയ് തടഞ്ഞുനിർത്തുകയും കാൽനട യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നുവെന്നറിഞ്ഞാണ് തൃക്കാക്കര എ.എസ്.ഐ.യും സി.പി.ഒ.യും പോലീസ് ജീപ്പിൽ സ്ഥലത്തെത്തിയത്. അക്രമിയെ ശാന്തനാക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് പോലീസിനു നേരേ തിരിയുകയായിരുന്നു. കല്ലേറിൽ ഷിബിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. തലയിൽ ഏഴ് തുന്നലുകളുണ്ട്. ഇദ്ദേഹത്തിന്റെ പോലീസ് യൂണിഫോം വലിച്ചുകീറി, വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്ന വിസിൽ കോഡ് വലിച്ചൂരി വിസിൽ കെട്ടിയിരിക്കുന്ന ഭാഗംകൊണ്ട് അടിക്കുകയായിരുന്നു. അക്രമിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വിസിൽകൊണ്ടുള്ള അടിയിൽ സി.പി.ഒ. അനീഷിനും കൈക്കും ദേഹത്തും പരിക്കേറ്റു. ലഹരിക്ക് അടിമയായ അതിഥിത്തൊഴിലാളിയാണ് ആക്രമണം അഴിച്ചുവിട്ട് പോലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും മുൾമുനയിലാക്കിയത്. അക്രമം തുടരുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസുകാർ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പരിക്കേറ്റ പോലീസുകാർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments