വടക്കേക്കാട്: കുന്നംകുളം കൊമേറ്റ്സ് സർക്കിൾ, സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രഥമ തൃശൂർ ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരികൂട്ടി വടക്കേക്കാട് പൂമുഖം സ്വിമ്മിംഗ് ക്ലബ്ബ്. സീനിയർ വിഭാഗം ഫ്രീസ്റ്റൈലിൽ ഷാഹിദ് സലാമും, ബാക്സ് ട്രോക്കിൽ സായിം ഈച്ചറത്തയിലും ഒന്നാം സ്ഥാനം നേടി. കൊച്ചന്നൂർ ഗവൺമെന്റ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാഹിദ്. വടക്കേകാട് ഐ.സി.എ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സായിം. ജൂനിയർ വിഭാഗം ഫ്രീസ്റ്റൈലിലും ബാക്സ്ട്രോക്കിലും കെ വി ശ്രിഹരി ഇരട്ട മെഡൽ നേടി. കുന്നംകുളം സെൻ്റ് ജോൺസ് ബഥനി ഇംഗ്ലീഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീഹരി. ജൂനിയർ വിഭാഗം ഫ്രീസ്റ്റൈലിൽ വൈലത്തൂർ സെൻ്റ് ഫ്രാൻസിസ് സ്കൂൾ ലീഡറും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ കെ മുഹമ്മദ് രണ്ടാം സ്ഥാനവും കൊച്ചന്നൂർ ഗവൺമെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ യു.എസ് ഷാഹിദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗം ബാക്ക് സ്ട്രോക്കിൽ കുന്നംകുളം ബഥനി സെൻ്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനിൽ കൃഷ്ണ രണ്ടാം സ്ഥാനവും കൊച്ചന്നൂർ സ്കൂളിലെ ഷാഹിദ് മൂന്നാം സ്ഥാനവും നേടി. ഏപ്രിൽ, മെയ് മാസങ്ങളിൽ കൊമേറ്റ്സ് സർക്കിളിൽ നടക്കുന്ന നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.