ഏങ്ങണ്ടിയൂർ: ചേറ്റുവയിൽ സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാൻ വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് വരുന്നു. ഡി.ടി.പി.സി വഴിയോര വിശ്രമകേന്ദ്രവും അതുമായി ചേർന്ന സൗകര്യങ്ങളും ഉടൻ ആരംഭിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. സഫാരി ബോട്ട്, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് ബോട്ട്, കയാക്കിങ് തുടങ്ങിയ വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ആക്ടിവിറ്റികള്‍ ഈ മാസം ആരംഭിക്കും. സ്പോർട്സ് ആക്ടിവിറ്റികളും ഉടന്‍ പ്രവര്‍ത്തനമാരഭിക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്ന ചേറ്റുവ ഡി.ടി.പി.സിയുടെ വഴിയോര വിശ്രമകേന്ദ്രവും ആരംഭിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇവിടെ അറ്റകുറ്റപണികള്‍ നടക്കുകയാണ്. മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. ശുചിമുറി, കഫ്റ്റീരിയ, നടപ്പാത തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. ഡിടിപിസിയുടെ ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ സഞ്ചാരികൾക്ക് കായൽക്കാറ്റ് ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കുവാനും ഒപ്പം കായലിന്റെയും കണ്ടൽ കാടിന്റെയും സൗന്ദര്യം ആസ്വദിക്കുവാനായി ബോട്ടിങ് സ്പീഡ് ബോട്ടിങ് കയാകിങ് എന്നിവ ചെയ്യാനും സാധിക്കും. ദേശീയ പാതയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഡി.ടി.പി.സി വഴിയോര വിശ്രമകേന്ദ്രം ചേറ്റുവ കണ്ടല്‍ക്കാടില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കടലോരവും ഇവിടെയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ‘എക്സ്പ്ലോർ തൃശൂർ’ എന്ന ഇനിഷേറ്റിവിന്റെ കീഴിൽ വിവിധങ്ങളായിട്ടുള്ള ടൂറിസം പ്രൊമോഷൻ ആക്ടിവിറ്റീസാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.