മലപ്പുറം: നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ മലപ്പുറത്ത് 18കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ സ്വദേശിയായ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് 5.30 ഓടെ ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു.
അതേസമയം പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)