പുന്നയൂർക്കുളം: പുന്നൂക്കാവ് സംഘട്ടനവുമായി ബന്ധപ്പെട്ട് പോലീസ് കൈകൊണ്ട നടപടികൾക്കെതിരെ ബി.ജെ.പി രംഗത്ത്. പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ബി.ജെ.പി നേതാക്കൾ പുന്നയൂർക്കുളത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പുന്നൂക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് മാരകമായി പരിക്കേറ്റിട്ടും പോലീസ് കേസെടുക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന അച്ഛനേയും മകനേയും അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസ് എടുത്തിട്ടില്ല. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. എല്ലിന് പൊട്ടലുകളുണ്ട്. ഗുരുതരമായ വിഴ്ചയാണ് പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. സംഭവത്തിന് പിറ്റേദിവസം തൃപ്പറ്റ് സ്വദേശിയുടെ കണ്ണിന് ഇടിച്ച് പരിക്കേൽപ്പിച്ച കേസിലും നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഈ കേസുകളിലെല്ലാം സി.പി.എം നേതാക്കളാണ് പ്രതി പട്ടികയിലുള്ളത്. ഇതിനാലാണ് കേസ് എടുക്കാത്തതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പോലീസ് ഈ നിലപാട് തുടർന്നാൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത്‌പ്രസിഡന്റ ടി.കെ ലക്ഷ്മണൻ, ജനറൽ സെക്രട്ടറി കെ.ഡി ബാബു, ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി രാജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.