Thursday, January 30, 2025

ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു;  50 വയസ്സുകാരന് 52 വർഷം കഠിന തടവും 2.30 ലക്ഷം രൂപ പിഴയും ശിക്ഷ

ചാവക്കാട്: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ  50 വയസ്സുകാരന് 52 വർഷം കഠിന തടവും 2.30 ലക്ഷം രൂപ പിഴയും ശിക്ഷ. ഒരുമനയൂർ  പൊലിയേടത്ത് വീട്ടിൽ സുരേഷി (50) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ  കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 23 മാസം  കൂടി അധികതടവ് അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. 2023 ആഗസ്റ്റ് 27 ന് പ്രതിയുടെ വീട്ടിൽ ടി.വി പരിപാടി കാണുന്നതിനായി എത്തിയ ബാലികയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.  കുട്ടിയോട് പ്രതിക്കുള്ള അടുപ്പം പ്രതിക്ക് മക്കളില്ലാത്തതിനാലാണെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ കരുതിയിരുന്നത്. പിന്നീട് പനിയും മറ്റും തുടർച്ചയായി വന്നതിനാൽ കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. വിവരം ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് 2024 ഫെബ്രുവരി 4ന് ചാവക്കാട് സ്റ്റേഷനിലെ സി.പി.ഒ പ്രസീത അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻ്റെ  അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ പ്രതാപ്  അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മാർച്ച് 23 ന് കുറ്റപത്രം സമർപ്പിച്ച കേസ് ഏപ്രിൽ 25 നാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്കെത്തിയത്.  തുടർന്ന് അതിവേഗത്തിൽ തന്നെ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments