ചാവക്കാട്: തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് തീരത്തോട് ചേർന്ന് അനധികൃതമായി കരവലി നടത്തിയ ബോട്ടിന് പിഴ ചുമത്തി. ചാവക്കാട് മുനക്കകടവ് പള്ളിവളപ്പിൽ വീട്ടിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ല-ഓസ്പ്ര എന്ന ഫിഷിംഗ് ബോട്ടാണ് സുരക്ഷ പട്രോളിംഗിനിടെ മുനക്കകടവ് കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘത്തിന് കൈമാറിയത്. കരയോട് ചേർന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. തൃശ്ശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമ നടപടികൾ പൂർത്തീകരിച്ച് 50000 രൂപ പിഴ ഇനത്തിലും ബോട്ടിലെ മത്സ്യം വിറ്റ വകയിൽ 2600 ര്രൂപയും ട്രഷറയിൽ അടച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധന രീതിയാണ് കരവലി. അതിഥി തൊഴിലാളികളേയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീര കടലിൽ ഈ രീതിയിൽ മത്സ്യബന്ധനം നടത്തുന്നത്. പിടിച്ചെടുത്ത ബോട്ട് പത്ത് വർഷമായി ലൈസൻസ് പുതുക്കാതെ കരയോട് ചേർന്ന മത്സ്യബന്ധനം നടത്തിവരികയായിരുന്നു. കടൽ ക്ഷമതയില്ലാത്ത ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ലെന്ന വ്യവസ്ഥയിൽ ഉടമസ്ഥന് വിട്ട് കൊടുത്തു. വ്യാപകമായ തോതിൽ ബോട്ടുകൾ തീരത്തോട് ചേർന്ന് കരവലി നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റൽ പോലീസും തീര കടലിൽ രാത്രിയിലും പകലും ശക്തമായ പട്രോളിംഗ് നടത്തി വരികയാണ്. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ യാനങ്ങളെ പിടിച്ചെടുത്ത് നിയമ നടപടികൾക്ക് വിധേയമാക്കും. നിയമ ലംഘനം നടത്തുന്ന യാനങ്ങളിൽ നിന്നും പുതുക്കിയ കെ.എം.എഫ്.ആർ. ആക്ട് പ്രകാരം പിഴ ചുമത്തും. മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി ഫർഷാദിൻ്റെയും തൃശൂർ ജില്ലാ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി സീമയുടെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പരിശോധന നടക്കുന്നത്. സംഘത്തിൽ ചേറ്റുവ എഫ്.ഇ.ഒ ശ്രുതിമോൾ, കോസ്റ്റൽ സബ്ബ് ഇൻസ്പെക്ടർമാരായ ഡി. എസ് സുമേഷ്ലാൽ, ലോഫിരാജ്, സി.പി.ഒ ഷിബുകുമാർ, മറൈൻ എൻഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത് കുമാർ, ഇ. ആർ ഷിനിൽകുമാർ, വി.എം ഷൈബു, ഫിഷറീസ് റെസ്ക്യൂ ഗാർഡൻ മാരായ ഷിഹാബ്, ഫസൽ, കോസ്റ്റൽ ബോട്ട് സ്രാങ്ക് വിനോദ് , കോസ്റ്റൽ വാർഡൻ ബിന്ധ്യ , സുജിത്ത് എന്നിവരും ഉണ്ടായിരുന്നു. കെ.എം.എഫ്.ആർ നിയമം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ യാനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് തൃശ്ശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾമജീദ് പോത്തനൂരാൻ പറഞ്ഞു.
മണത്തല ചന്ദനക്കുടം നേർച്ച- 2025