തൃശൂർ: മയിലിനെപ്പോലെ തൂവൽ വിരിക്കുന്നവർ, നിറങ്ങൾകൊണ്ട് വിസ്മയമൊരുക്കി മറ്റു ചിലർ… പ്രാവുകളിലെ സുന്ദരന്മാരെയും സുന്ദരികളെയും കണ്ടെത്താനായി യുണൈറ്റഡ് പീജിയൻ ക്ലബ്ബ് തൃശൂരിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യ പീജിയൻ ഷോയിലായിരുന്നു ഈ കാഴ്ച. നാൽപ്പതോളം ബ്രീഡുകളിലായി അഞ്ഞൂറോളം പ്രാവുകളാണ് ഷോയിൽ പങ്കെടുത്തത്. പതിനായിരങ്ങൾ മോഹവിലയുള്ള ഇനങ്ങളാണ് മിക്കതും. ചിറകിൽമാത്രം ചുരുളൻ തൂവലുകളുള്ള ഫ്രിൽബാക്ക്, തൂവൽക്കിരീടമണിഞ്ഞ ജാക്കോബിൻ, തൂവൽക്കട്ട പോലിരിക്കുന്ന ചൈനീസ് ഔൾ, 2000 കിലോമീറ്ററോളം സഞ്ചരിച്ച് മടങ്ങിയെത്തുന്ന ഹോമർ, തൊണ്ട ബലൂൺപോലെ വീർപ്പിക്കുന്ന പൗട്ടർ, ട്രംപറ്റ് ശബ്ദം മുഴക്കുന്ന ബൊക്കാറ ട്രംപറ്റർ തുടങ്ങിയ ബ്രീഡുകളാണ് കളംനിറഞ്ഞത്. മുകി, ലഹോർ തുടങ്ങിയ ഇനങ്ങളും കൈയടി നേടി. സ്വന്തം മക്കളെപ്പോലെ അരുമപ്രാവുകളെ സംരക്ഷിക്കുന്ന ബ്രീഡർമാരായിരുന്നു ഷോയുടെ ശ്രദ്ധാകേന്ദ്രം. അയൽസംസ്ഥാനങ്ങളിലെയും സംസ്ഥാനത്തെയും പ്രാവ് വളർത്തുന്നവരുമെത്തി. വിദേശത്തുനിന്നുള്ള വിധികർത്താക്കളായിരുന്നു ഓരോ ബ്രീഡിലും മികച്ച പ്രാവിനെ തിരഞ്ഞെടുത്തത്. ഇതിനു പുറമേ മത്സരത്തിനെത്തിയ എട്ട് സുന്ദരീസുന്ദരന്മാർക്കും സമ്മാനമുണ്ടായിരുന്നു.