പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ മുസ്ലിം ലീഗ് നേതാവിനെയും സഹോദരങ്ങളെയും മൂന്നംഗ സംഘം അക്രമിച്ചതായി പരാതി. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.ടി.യു മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറിയുമായ പടിഞ്ഞാറയിൽ നസീർ(49), സഹോദരൻ ഷാഹുൽ ഹമീദ്(41), ബന്ധുക്കളായ പടിഞ്ഞാറയിൽ ഷഹീർ(39), കോട്ടപ്പുറത്ത് ബാദുഷ(46) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ മുതുവട്ടൂരിലെ സ്വകാര്യ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശികളായ തേച്ചൻപുരക്കൽ ഷാജഹാൻ,സഹോദരൻ ഷംനാദ്, ബന്ധു ആലുങ്ങൽ ഹംസക്കുട്ടി എന്നിവരാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. ഇന്നലെ രാത്രി 9.30 ഓടെ മന്ദലാംകുന്ന് ബീച്ചിൽ യോഗം കഴിഞ്ഞ് നിന്നിരുന്ന തന്നെ അക്രമിക്കുന്നത് അറിഞ്ഞ് ബീച്ചിന് സമീപത്തെ വീടുകളിൽ നിന്ന് ഓടിയെത്തിയ സഹോദരന്മാരെയും സംഘം മർദ്ദിച്ചതായി നസീർ പറഞ്ഞു. കഞ്ചാവ് വില്പന തടഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നും നസീർ പറഞ്ഞു. മർദ്ദനമേറ്റ നസീറിനെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.